തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിനിടെ സിപിഎം നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ അട്ടിമറി നടന്നതായും കണ്ടെത്തി.
ആസൂത്രണ ബോർഡിലെ പരീക്ഷയിലാണ് സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പിഎസ്സി നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്.
ഒന്നാം റാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കി. എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽ പോലും ഇടംപിടിക്കുമായിരുന്നില്ല.
രണ്ടാംറാങ്കുകാരനേക്കാൾ 53മാർക്ക് കുറവാണ് ഇയാൾക്ക്. ഒരുമാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാംറാങ്കിലെത്തിയ ഇയാൾ ഏക ഒഴിവിൽ നിയമനം നേടി ഇപ്പോഴും ആസൂത്രണ ബോർഡിൽ ജോലിചെയ്യുകയാണെന്നും കണ്ടെത്തി.
പിഎസ്സിയിലെ ഉന്നതരും രാഷ്ട്രീയക്കാരുമടക്കം നടത്തിയ വൻ ഗൂഢാലോചനയാണ് അട്ടിമറിക്ക് പിന്നിലെന്നാണു സംശയം.
ഒന്നാംറാങ്ക് ഉറപ്പിക്കാൻ നേതാവിന്റെ ഉത്തരക്കടലാസ് പരിശോധിച്ച് തെറ്റിയതും എഴുതാതെവിട്ടതുമായ ചോദ്യങ്ങൾ കണ്ടെത്തുകയും അത് മൂല്യനിർണയത്തിൽനിന്ന് ബോധപൂർവം ഒഴിവാക്കുക യുമായിരുന്നു. പരീക്ഷാവിഭാഗത്തിലെ ഉന്നതഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ. മൂന്നുപേരുടെ പങ്ക് കണ്ടെത്തി. 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ നേതാവിന് അനധികൃത നിയമനം നൽകി തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ.
പിഎസ്സി നടത്തിയ ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ ചെയർമാന്റെയും രണ്ട് അംഗങ്ങളുടെയും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിന്റെ ഭാഗമായി ഇവർക്ക് വൈകാതെ നോട്ടീസ് നൽകും. ചെയർമാൻ ഉൾപ്പെടെയുള്ള ബോർഡാണ് ഇന്റർവ്യു നടത്തിയതെന്നാണ് കണ്ടെത്തിയത്.
പിഎസ്സിയിലെ ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരെ ചോദ്യംചെയ്തു. ക്രമക്കേടുകൾ നടത്തിയ കന്പ്യൂട്ടറുകളിലെ ലോഗുകൾ പിടിച്ചെടുത്തു. പിഎസ്സിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അട്ടിമറിയാണ് ഇതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
ഇതുവരെ ലഭിച്ച പരാതികളിൽ 90 എണ്ണത്തിൽ അന്വേഷണം വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. എഡിജിപിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ എസ്ഐടി വിപുലീകരിക്കാനും തീരുമാനിച്ചു.